തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്‌ഥാനത്ത് മദ്യം ലഭിക്കില്ല. ഒമ്പതിന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഏഴിന് വൈകീട്ട് ആറുമണി മുതൽ ഒമ്പതിന് പോളിങ് അവസാനിക്കും വരെ മദ്യവിൽപ്പന നിരോധിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചത്. 11ന് രണ്ടാംഘട്ടം നടക്കുന്ന മേഖലയിൽ ഒമ്പതിന് ആറുമുതൽ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വിൽപ്പനയ്‌ക്ക് നിരോധനമുണ്ട്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഈ ദിവസങ്ങളിൽ നിരോധനമുള്ളത്. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13ന് സംസ്‌ഥാന വ്യാപകമായി ഡ്രൈഡേ ആയിരിക്കും.
പോളിങ് പ്രദേശത്ത് ഒരുതരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. മദ്യശാലകൾ, ബാറുകൾ എന്നിവ ഈ ദിവസങ്ങളിൽ തുറക്കാൻ പാകില്ല. മദ്യനിരോധനമില്ലാത്ത സ്‌ഥലങ്ങളിൽ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചു വയ്‌ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി








































