പാലക്കാട്: യുവതിയുടെ ലൈംഗികപീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, വധഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നെടുമങ്ങാട് വലിയമല പോലീസ് കേസെടുത്തത്. പിന്നീട് നേമം പോലീസിന് കേസ് കൈമാറി.
യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞദിവസം റൂറൽ എസ്പി കെഎസ് സുദർശന്റെ നേതൃത്വത്തിൽ യുവതിയുടെ മൊഴി എടുത്തിരുന്നു. ഗർഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.
ഇന്നലെ വൈകീട്ട് നാലരയ്ക്ക് സെക്രട്ടറിയേറ്റിൽ സഹോദരനൊപ്പം എത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ചാറ്റും, ശബ്ദരേഖയും ഉൾപ്പടെ എല്ലാ തെളിവുകളും സഹിതമാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ഇന്ന് കോടതിയിൽ അപേക്ഷ നൽകി യുവതിയുടെ രഹസ്യമൊഴി എടുപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
ഇതിനിടെ, മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമായി രാഹുൽ ചർച്ച ചെയ്തു. രാഹുലിനെതിരായി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ഓഗസ്റ്റിൽ രജിസ്റ്റർ ലൈംഗികാരോപണ കേസ് പരാതിക്കാരിയുടെ നിസഹകരണം കാരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ഇപ്പോൾ പരാതി ലഭിച്ചതോടെ പോലീസ് ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്തേക്കും. ഇത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കും. വിവാദം ഉണ്ടായപ്പോൾ തന്നെ രാഹുലിനെ സസ്പെൻഡ് ചെയ്തതാണെന്ന നിലപാടാണ് കോൺഗ്രസിന്റേത്. അപ്പോഴും സ്ഥാനാർഥികളുടെ പ്രചാരണത്തിലും എംഎൽഎ എന്ന നിലയിലും അടുത്തിടെയായി രാഹുൽ വീണ്ടും സജീവമായിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































