തിരുവനന്തപുരം/ ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് രണ്ടുദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ശ്രീലങ്കൻ തീരത്തിന് സമീപത്ത് തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വ ചുഴലിക്കാറ്റ് സ്‌ഥിതി ചെയ്യുന്നത്.
കേരളത്തിൽ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയതോടെ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ ഇന്ന് വൈകീട്ട് മുതൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു. ദിത്വ ചുഴലിക്കാറ്റ് ശക്‌തിപ്പെടുന്നതോടെ ചെന്നൈ നഗരത്തെ കാത്തിരിക്കുന്നത് കനത്ത മഴയാണ്. ഇന്ന് രാത്രിയോടെ മഴ തീവ്രമാകുമെന്നാണ് പ്രതീക്ഷ. നാളെയും മഴ തുടരും. 2023ൽ മിഷോങ് ചുഴലിക്കാറ്റ് നഗരത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞവർഷത്തെ ചുഴലിക്കാറ്റ് നഗരത്തെ ബാധിച്ചില്ല.
ചെന്നൈക്ക് 490 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ ഇന്നലെ രാത്രിയിലെ സ്‌ഥാനം. മണിക്കൂറിൽ ഏഴ് കിലോമീറ്റർ വേഗത്തിലാണ് നിലവിൽ സഞ്ചരിക്കുന്നത്. മഴയെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. പ്രതിരോധ നടപടികൾ ശക്‌തമാക്കാൻ ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































