കൈതച്ചക്ക അല്ലെങ്കിൽ പൈനാപ്പിൾ ഒട്ടുമിക്ക എല്ലാവർക്കും ഇഷ്‌ടമാണ് അല്ലെ. എന്നാൽ, ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ഭാരമേറിയതുമായ കൈതച്ചക്ക വിളഞ്ഞത് എവിടെയാണെന്ന് അറിയാമോ? അധികമാർക്കും അറിയില്ല. അത് ഓസ്‌ട്രേലിയയിലാണ് ഉണ്ടായത്.
ഓസ്ട്രേലിയയയുടെ നോർത്തേൺ ടെറിട്ടറിയിൽ ഉൾപ്പെടുന്ന ഡാർവിൻ നഗരത്തിന് സമീപം പാൽമേർസ്‌റ്റൻ എന്ന സ്‌ഥലത്തെ താമസക്കാരിയായ ക്രിസ്‌റ്റീൻ മക്കല്ലമമാണ് 8.28 കിലോ ഭാരമുള്ള കൈതച്ചക്ക വിളയിപ്പിച്ചെടുത്തത്. ഇത് ഗിന്നസ് റെക്കോർഡിൽ ഇടം നേടി. 12 വർഷമായി മാറ്റമില്ലാതെ തുടരുകയാണ് ഈ റെക്കോർഡ്.
ഇതിന് മുൻപ് ഓസ്ട്രേലിയയ്‌ക്ക് സമീപത്ത് തന്നെയുള്ള പാപ്പുവ ന്യൂഗിനിയിലാണ് ഏറ്റവും വലിയ കൈതച്ചക്കയ്‌ക്കുള്ള റെക്കോർഡ് നിലനിന്നിരുന്നത്. 8.08 കിലോയായിരുന്നു അതിന്റെ ഭാരം. തെക്കേ അമേരിക്കൻ സ്വദേശിയാണ് കൈതച്ചക്ക അഥവാ പൈനാപ്പിൾ. തെക്കൻ ബ്രസീലിനും പരാഗ്വേയ്‌ക്കും ഇടയിലുള്ള പ്രദേശമാണ് ഇതിന്റെ ജൻമദേശം.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ കൈതച്ചക്ക കൃഷി ചെയ്‌തിരുന്നു. മധ്യ അമേരിക്കയിലെ മായൻ, അസ്‌ടെക് ജനവിഭാഗങ്ങളായിരുന്നു കൃഷിക്കാർ. ബ്രസീലിനെ ഗ്വാരാനി ഇന്ത്യക്കാർ ഇതിനെ ‘നാന’ എന്നാണ് വിളിച്ചിരുന്നത്. ‘വിശിഷ്‌ടമായ ഫലം’ എന്നർഥം. ക്രിസ്‌റ്റഫർ കൊളംബസാണ് കൈതച്ചക്കയെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്.
1493ൽ തന്റെ രണ്ടാമത്തെ പര്യവേഷണത്തിനിടെ ഗ്വാഡലൂപ് ദ്വീപിൽ വെച്ചാണ് അദ്ദേഹം ഈ പഴം കാണുന്നത്. പോർച്ചുഗീസ്, സ്‌പാനിഷ് പര്യവേക്ഷകർ വഴി യൂറോപ്പിൽ നിന്ന് ഈ പഴം ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്പിലെ മിതശീതോഷ്‌ണ കാലാവസ്‌ഥയിൽ കൈതച്ചക്ക കൃഷി ചെയ്യുന്നത് ദുഷ്‌കരമായിരുന്നു. അതിനാൽ നൂറ്റാണ്ടുകളോളം ഇത് വളരെ വിലപിടിപ്പുള്ള വിശിഷ്‌ട വിഭവമായി കണക്കാക്കപ്പെട്ടു.
പിന്നീടുള്ള നൂറ്റാണ്ടുകളിൽ വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷിയും തുടങ്ങി. ഹവായ് പോലുള്ള ഉഷ്‌ണമേഖലാ പ്രദേശങ്ങളിലായിരുന്നു ഇത് വ്യാപകമായത്. ഇന്ന് ലോകമെമ്പാടും ഉഷ്‌ണമേഖലാ രാജ്യങ്ങളിൽ കൈതെച്ചക്ക വ്യാപകമായി കൃഷി ചെയ്യുന്നു. കോസ്‌റ്ററിക്ക, ബ്രസീൽ, ചൈന, ഇന്ത്യ, തായ്‌ലൻഡ് എന്നിവർ പ്രധാന ഉൽപ്പാദകരാണ്.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി





































