പാലക്കാട്: ബലാൽസംഗ കേസിൽ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജില്ല വിട്ടത് അതിവിദഗ്‌ധമായെന്ന് വിവരം. ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ്.
പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം പല വഴിക്ക് സഞ്ചരിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്റെ റൂട്ട് അവ്യക്‌തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരും. എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്നാണ് വിവരം. ഈ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും സൂചനയുണ്ട്.
എന്നാൽ, ഇക്കാര്യങ്ങളിൽ വ്യക്‌തതയില്ല. കണ്ണാടിയിൽ നിന്ന് ചുവന്ന കാറിൽ മടങ്ങിയ രാഹുൽ, യാത്രക്കിടെ വാഹനം മാറ്റിയോ എന്ന കാര്യത്തിലും വ്യക്‌തത വരണം. കേസിൽ പ്രതിയായ സുഹൃത്ത് ജോബിയും രാഹുലിനൊപ്പം ഉണ്ടെന്നാണ് വിവരം. നേരത്തെ രാഹുൽ കോയമ്പത്തൂരിലേക്ക് കടന്നതായി സൂചനകൾ ഉണ്ടായിരുന്നു.
ഇതേത്തുടർന്ന് സംസ്‌ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. സുഹൃത്തുക്കളുടെ വീടുകളിലടക്കം പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫോൺ വിളികളും നിരീക്ഷണത്തിലാണ്.
കഴിഞ്ഞദിവസം രാഹുലിന്റെ പാലക്കാട്ടെ ഫ്ളാറ്റിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഫ്‌ളാറ്റിലെ സിസിടിവികൾ പരിശോധിച്ച പോലീസ്, രാഹുലിന്റെ പിഎ ഫസലിൽ നിന്നും ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളല്ലാതെ കാര്യമായ മറ്റു തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
അതേസമയം, രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാൽസംഗ കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്‌റ്റിന് തടസമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. രാഹുലിനെ പിടികൂടാൻ പോലീസ് നേരത്തെ ലുക്ക്ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































