ന്യൂഡെൽഹി: പാർലമെന്റിൽ നാടകം കളിച്ച് സഭ തടസപ്പെടുത്തരുതെന്ന പ്രധാനമന്ത്രി നരേന്ദമോദിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നാടകമല്ലെന്നും ചർച്ച നടത്താൻ അനുവദിക്കാതിരിക്കുന്നതാണ് നാടകമെന്നും പ്രിയങ്ക പ്രതികരിച്ചു.
സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണവും (എസ്‌ഐആർ) വായു മലിനീകരണവും ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്നും അവ ചർച്ച ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു. ”എന്തിനാണ് പാർലമെന്റ്? ഇത് നാടകമല്ല. പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നാടകമല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് ജനാധിപത്യപരമായ ചർച്ച നടത്താൻ അനുവദിക്കാതിരിക്കുന്നതാണ് നാടകം”-പ്രിയങ്ക പറഞ്ഞു.
പാർലമെന്റിൽ പ്രതിപക്ഷം നാടകം കളിക്കരുതെന്നും അതിന് മറ്റു സ്‌ഥലങ്ങൾ ഉണ്ടെന്നുമാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപുള്ള വാർത്താസമ്മേളനത്തിൽ മോദി പറഞ്ഞത്. പാർലമെന്റ് നാടകത്തിനുള്ള ഇടമല്ലെന്നും പ്രതിപക്ഷം അവരുടെ ചുമതല നിർവഹിക്കണം എന്നുമായിരുന്നു മോദിയുടെ പരാമർശം. ബിഹാറിലെ തോൽവി ചില പാർട്ടികൾ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പാർലമെന്റിൽ പ്രകടിപ്പിക്കരുതെന്നും മോദി പറഞ്ഞിരുന്നു.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ







































