കണ്ണൂർ: സെൻട്രൽ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഇയാളെ കഴുത്തറുത്ത് രക്‌തം വാർന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തതെന്നാണ് വിവരം. ഭാര്യയെ കൊന്ന കേസിൽ ഏഴുമാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇതിനു മുൻപ് രണ്ടുതവണ ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസിലിങ് കൊടുത്തുവരികയായിരുന്നു.
മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദർശനം നടത്താനൊരുങ്ങവേയാണ് ആത്‍മഹത്യ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്‌ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ഇയാൾക്ക് കഴുത്തുമുറിക്കാനുള്ള ആയുധം എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!



































