തിരുവനന്തപുരം: സ്ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി പ്രസിഡണ്ട് പാർട്ടി നേതൃത്വവുമായി ആലോചിച്ച് ഉടൻ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതി കെപിസിസി അധ്യക്ഷന് പരാതി കൈമാറിയിട്ടുണ്ട്. പാർട്ടിക്കാരനാണെങ്കിൽ പാർട്ടി തലത്തിലാണ് അന്വേഷിക്കേണ്ടത്. രാഹുൽ സസ്പെൻഷനിൽ ആയതിനാലാണ് ഡിജിപിക്ക് പരാതി കൈമാറിയത്.
സസ്പെൻഷൻ തെറ്റ് തിരുത്തി തിരിച്ചു വരാനുള്ള മാർഗമായാണ് കോൺഗ്രസ് കാണുന്നത്. രാഹുലിന്റെ കാര്യത്തിൽ ഇനി അതിന് സാധ്യതയില്ല. ഇപ്പോൾ രാഹുൽ സസ്പെൻഷനിലാണ്. വേണ്ടിവന്നാൽ നടപടി സ്വീകരിക്കും. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നും കെ.മുരളീധരൻ പറഞ്ഞു.
സാഹചര്യം നോക്കിയാണ് പാർട്ടി ഒരാൾക്കെതിരെ നടപടിയെടുക്കുന്നത്. രാഹുലിനെതിരെ മുൻപ് എഴുതി നൽകിയ പരാതി ഉണ്ടായിരുന്നില്ല. ഇപ്പോൾ പരാതി സർക്കാരിനും പാർട്ടിക്കും മുന്നിലുണ്ട്. എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് രാഹുൽ തീരുമാനിക്കട്ടെ.
പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചാൽ പാർട്ടിക്ക് അയാളുമായി ബന്ധമില്ല. പാർട്ടി ചുമതല ഏൽപ്പിക്കുന്നത് മതിലുചാടാനല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്. ചുമതല നിർവഹിക്കാത്തയാൾ പാർട്ടിക്ക് പുറത്താണ്. പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന ആൾക്ക് ഇത്തരം കാര്യം ചെയ്യാൻ കഴിയില്ല.
പരാതിയിൽ പറയുന്ന കാര്യങ്ങൾ രാഹുൽ ചെയ്തെങ്കിൽ പൊതുരംഗത്ത് മാത്രമല്ല, ഒരു രംഗത്തും തുടരാൻ യോഗ്യനല്ല. പുകഞ്ഞകൊള്ളി പുറത്താണ്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്ക് പുറത്തുപോകാം. പൊതുസമൂഹത്തിൽ ചീത്തപ്പേര് ഉണ്ടാക്കിയാൽ പാർട്ടി നടപടിയെടുക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശനം കണക്കിലെടുക്കുന്നില്ല. അവരുടെ നിരവധി നേതാക്കൾക്കെതിരെ പരാതിയുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
Most Read| ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രം തിരുവനന്തപുരത്ത്; ഭൂമി വിട്ടുനൽകും








































