തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹരജിയിൽ വാദം പൂർത്തിയായി. വിധി നാളെ പറയും. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം. കോടതി രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞില്ല.
വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രാഷ്‌ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. കേസിന് പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയാണ്.
പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു. യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണ്, കേസിൽ നിരപരാധിയാണ്. യുവതി വിവാഹിതയാണെന്നും ഗർഭിണിയായതിന്റെ ഉത്തരവാദിത്തം ഭർത്താവിനാണെന്നും സ്വമേധയാ ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചുവെന്നും രാഹുൽ ജാമ്യഹരജിയിൽ പറയുന്നു.
എന്നാൽ, കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. രാഹുലിന് ഏറെ നിർണായകമാണ് കേസ്. കോടതിയിൽ നിന്ന് നടപടിയുണ്ടായാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും. എംഎൽഎ സ്‌ഥാനം നഷ്‌ടപ്പെടും. അതിനിടെ, യുവതി പരാതി നൽകി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രാഹുൽ ബെംഗളൂരുവിൽ ഒളിവിലുണ്ടെന്നാണ് വിവരം.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി








































