ന്യൂഡെൽഹി: ഇന്ത്യയുമായുള്ള നിർണായക വിഷയങ്ങളിലെ ചർച്ചകൾക്കായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്നെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പുട്ടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്നോടെയാണ് പുട്ടിന്റെ സന്ദർശന തുടക്കം. നാളെയാണ് പുട്ടിന്റെ പ്രധാന കൂടിക്കാഴ്‌ചകൾ.
നാളെ ഹൈദരാബാദ് ഹൗസിൽ 23ആം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പരസ്‌പര സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണകൾ കൂടിക്കാഴ്‌ചയിൽ ഉണ്ടാകുമെന്നാണ് സൂചന. ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി (ഒമ്പതുലക്ഷം കോടി രൂപ) ഉയർത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
കൂടുതൽ എസ് 400 മിസൈൽ പ്രതിരോധ സംവിധാനം, സുഖോയ്-57 സ്‌റ്റെൽത്ത് യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനെ കുറിച്ചും ചർച്ചകളുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള മൽസ്യവിഭവങ്ങളുടെയും ഉരുളക്കിഴങ്ങ്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് കമ്പോളം തുറക്കാനുള്ള നടപടികളിലും തീരുമാനമുണ്ടാകും.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ








































