കൊച്ചി: ബലാൽസംഗ കേസിൽ കോടതിയും പാർട്ടിയും തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിരോധത്തിനുള്ള വഴികൾ അടയുന്നു. എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ, മുൻകൂർ ജാമ്യഹരജി തള്ളിയതോടെ പോലീസിന് മുന്നിൽ കീഴടങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും അഭിഭാഷകർ നടത്തുന്നുണ്ട്.
എന്നാൽ, രണ്ടാമത്തെ ബലാൽസംഗ പരാതിയുടെ അടിസ്‌ഥാനത്തിൽ കൂടി കേസെടുത്തതോടെ രാഹുലിന് മുന്നിൽ നിയമവഴികൾ കടുപ്പമേറിയതാകും എന്നാണ് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായി സത്യപ്രതിജ്‌ഞ ചെയ്‌ത് കൃത്യം ഒരുവർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് രാഹുൽ പാർട്ടിയിൽ നിന്ന് പുറത്താകുന്നത്.
മുൻകൂർ ജാമ്യഹരജിയും അറസ്‌റ്റ് ഒഴിവാക്കാനുള്ള ഹരജിയും കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിനെ അറസ്‌റ്റ് ചെയ്യാനുള്ള ശക്‌തമായ നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. അതിനിടെ, കോടതി വിധിക്ക് പിന്നാലെ രാഹുലിന്റെ ഫോൺ ഓണായത് കീഴടങ്ങാനുള്ള തയ്യാറെടുപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
രാഹുൽ ബെംഗളൂരുവിലേക്ക് കടന്നുവന്ന നിഗമനത്തിലാണ് പോലീസ്. പ്രത്യേക സംഘം ബെംഗളൂരുവിൽ പലയിടങ്ങളിലും വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. ഇന്ന് രാത്രിയോടെ തന്നെ രാഹുലിനെ അറസ്‌റ്റ് ചെയ്യുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ പറയുന്നത്. അതേസമയം, രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തി.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റിട്ടാണ് പ്രതികരണം. ‘സത്യമേവ ജയതേ’ എന്നാണ് സ്‌റ്റാറ്റസ് ഇട്ടിരിക്കുന്നത്. ലൈംഗികാരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ ആയിരുന്നു ഈ വാചകം ഉപയോഗിച്ച് പോസ്‌റ്റുകൾ പങ്കുവെച്ചിരുന്നത്. ‘സത്യം ജയിക്കും’ എന്ന പോസ്‌റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോകുന്നത്.
Most Read| യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം








































