കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിലില്ലെന്ന് പോലീസ് സ്ഥിരീകരണം. രാഹുൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. കോടതി പരിസരത്ത് വൻ പോലീസ് സന്നാഹവും സജ്ജമായിരുന്നു.
എന്നാൽ, രാത്രി ഏഴോടെ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് മടങ്ങി. പിന്നാലെ കോടതി പരിസരത്ത് വിന്യസിച്ച പോലീസിലെ ഒരു വിഭാഗത്തെയും പിൻവലിച്ചു. രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്നും കോടതിയിൽ ഹാജരാകാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസിനെ വിന്യസിച്ചതെന്നുമാണ് ജില്ലാ പോലീസ് മേധാവി പറഞ്ഞത്.
രാഹുൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കർണാടകയിലെ സുള്ള്യയിൽ രാഹുൽ ഉണ്ടായിരുന്നുവെന്നാണ് നേരത്തെയുള്ള വിവരം. ഇതിന് പിന്നാലെയാണ് ഹൊസ്ദുർഗ് കോടതിയിൽ എത്തുമെന്ന സൂചന ലഭിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് സന്നാഹം കോടതി പരിസരത്ത് എത്തിയത്. പോലീസിനെ വിന്യസിച്ചതോടെ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരും കോടതി പരിസരത്ത് തടിച്ചുകൂടി.
പൊതിച്ചോറുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്. ആശുപത്രികളിൽ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നതിനെ രാഹുൽ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. രാഹുലിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ വിധി പ്രഖ്യാപിച്ചത്.
ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. രാഹുൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരുവർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് രാഹുൽ പാർട്ടിയിൽ നിന്ന് പുറത്താകുന്നത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































