ന്യൂഡെൽഹി: വിമാന സർവീസുകൾ താറുമാറായതോടെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥ സിജിസിഎ നടപ്പാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600-ലധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് വലിയ പ്രതിസന്ധിയാണ് ഡെൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഉണ്ടായത്. ഇതിന് പിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.
ഡെൽഹി വിമാനത്താവളം അടക്കമുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇൻഡിഗോയുടെ സർവീസുകൾ പൂർണമായി നിലയ്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഡെൽഹിയിൽ മാത്രം 225-ലധികം സർവീസുകളാണ് റദ്ദാക്കിയത്. സമാനമായ രീതിയിൽ രാജ്യത്തെമ്പാടും 600-ഓളം വിമാനങ്ങൾ ഇന്ന് റദ്ദാക്കിയിരുന്നു.
പാർലമെന്റിൽ ഈ വിഷയം ചർച്ചയാവുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദ്ദേശമാണ് പിൻവലിക്കപ്പെട്ടത്. നവംബർ ഒന്ന് മുതലായിരുന്നു ഈ ചട്ടം ബാധകമാക്കിയത്. പിൻവലിച്ചതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കും. സർവീസുകൾ പൂർണ സ്ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ രണ്ടുദിവസം വേണ്ടിവന്നേക്കും.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ







































