കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന ഈമാസം 15 വരെയാണ് ജസ്‌റ്റിസ് കെ. ബാബു രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനെതിരെയുള്ള ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത സെഷൻസ് കോടതി അന്വേഷണത്തെ ബാധിക്കുന്നു എന്ന് വിലയിരുത്തിയായിരുന്നു ഹരജി തള്ളിയത്.
മുൻകൂർ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളൽ ഉണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് ഹരജിയിൽ പറഞ്ഞിരുന്നത്. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും രാഹുൽ ഹരജിയിൽ പറയുന്നു.
കോടതിവിധിക്ക് കാത്തുനിൽക്കാതെ പോലീസ് വേട്ടയാടുകയാണെന്നാണ് രാഹുലിന്റെ മറ്റൊരു വാദം. അതിനാൽ തെളിവ് ഹാജരാക്കാൻ സമയം വേണം. അന്വേഷണത്തിലും രാഷ്‌ട്രീയ സ്വാധീനമാണ് മുന്നിൽ. ഏറെ വൈകി നൽകിയ പരാതി മുഖ്യമന്ത്രിക്കാണ് നൽകിയത്. കൃത്യമായ നടപടികളൊന്നും പാലിച്ചിട്ടില്ല. എഫ്‌ഐആറിന്റെ പകർപ്പടക്കം നൽകിയിട്ടില്ല.
വൈകിയുള്ള പരാതിയിൽ പ്രാഥമികാന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുള്ളതാണ്. അന്വേഷണ ഉദ്യോഗസ്‌ഥന്റെ മുന്നിൽ ഹാജരാകാൻ അവസരം നൽകിയാൽ കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാണെന്നും രാഹുൽ ഹരജിയിൽ വ്യക്‌തമാക്കി. അതേസമയം, രാഹുൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി








































