പൂർണമായും ഒരു ഇൻവെസ്‌റ്റിഗേറ്റീവ് മർഡർ കേസിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ‘ലെമൺ മർഡർ കേസ്’ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ‘ഗുമസ്‌തൻ’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധനേടിയ റിയാസ് ഇസ്‌മത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ലെമൺ മർഡർ കേസിന്റെ ചിത്രീകരണം പൂർത്തിയായി. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന സിനിമ കൂടിയാണിത്.
ജെപി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി കെ പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് നിർമാണം. സമർഥനായ സിഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃത്രിമങ്ങൾ നടന്നുവെന്ന് വ്യക്‌തമാകുന്നു. തന്റെ ജൂനിയർ ഉദ്യോഗസ്‌ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്ന് ലിയോൺ ആവശ്യപ്പെട്ടു.
അദ്ദേഹത്തെ തേടിയുള്ള ലിയോണിന്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു കാട്ടിൽ അകപ്പെടുന്നു. അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ഈ നാരങ്ങ മറ്റൊരു വലിയ കേസിന്റെ തുമ്പായി മാറുന്നു. തുടർന്നുള്ള സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തിയുള്ള അവതരണമാണ് സംവിധായകൻ ചിത്രത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത്. പുതുമുഖം ആദിയാണ് കേന്ദ്ര കഥാപാത്രമായ ലിയോണിനെ അവതരിപ്പിക്കുന്നത്. ജിഷ രജിത്താണ് നായിക. അപർണ, കെ. ബാബു എംഎൽഎ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കൊല്ലങ്കോട്, ചിറ്റൂർ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയായ സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജനുവരിയിൽ പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- മനോജ് എംജെ, ജിസൺ എസിഎ, സംഗീതം- സജിത് ശങ്കർ, പശ്‌ചാത്തല സംഗീതം രഞ്‌ജിത്ത് ഉണ്ണി, പിആർഒ- വാഴൂർ ജോസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| ഫിഫ ലോകകപ്പ് 2026; മൽസരക്രമം പുറത്ത്, വമ്പൻമാർ നേർക്കുനേർ






































