ന്യൂഡെൽഹി: ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് താക്കീതുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്‌ചയിച്ച് ഉത്തരവിട്ടു. ഇതിന് മുകളിലുള്ള നിരക്ക് കമ്പനികൾ ഈടാക്കാൻ പാടില്ല.
കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലായം അറിയിച്ചു. അവസരം മുതലെടുത്ത് യാത്രക്കൂലി കൂട്ടുന്നതിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു.
സ്‌ഥിതിഗതികൾ സാധാരണഗതിയിൽ എത്തുംവരെ ഈ നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇൻഡിഗോ സർവീസുകൾ താറുമാറായതിന് പിന്നാലെ മറ്റു വിമാനക്കമ്പനികൾ യാത്രക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇൻഡിഗോ സർവീസുകൾ റദ്ദായവർക്ക് ഇത് വലിയ തിരിച്ചടിയായി. ഇന്ന് ഡെൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ- സ്‌റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെയാണ് നിരക്ക്.
കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രക്കൂലി കൂട്ടരുതെന്ന് കഴിഞ്ഞദിവസവും വ്യോമയാന മന്ത്രി കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദ്ദേശം കമ്പനികൾ മുഖവിലയ്‌ക്കെടുത്തില്ല. അത്യാവശ്യ യാത്രകൾ നടത്തുന്നവരാണ് ഏറെ വലഞ്ഞത്. ഇൻഡിഗോയ്‌ക്ക് ആധിപത്യമുള്ള ഒട്ടേറെ റൂട്ടുകളുണ്ട്. ഇവിടങ്ങളിൽ മറ്റു വിമാനങ്ങൾ കുറവായതിനാൽ യാത്രാക്ളേശം രൂക്ഷമാണ്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































