തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിന് പരിസമാപ്‌തി. റോഡ് ഷോകളും റാലിയുമായി സ്‌ഥാനാർഥികളും പ്രവർത്തകരും നഗരങ്ങൾ കീഴടക്കി. ആവേശം നിറഞ്ഞ കലാശക്കൊട്ടിന് നാടും നഗരവും സാക്ഷികളായി. നാളെ നിശബ്‌ദ പ്രചാരണമാണ്. മറ്റന്നാൾ വിധിയെഴുതും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി. സംഘർഷം ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിന് പുറമെ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു.
മറ്റന്നാൾ രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 36,630 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം നാളെ രാവിലെ ഒമ്പതിന് ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്.
വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്‌ജമാക്കാനും, വിതരണ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിൽസാ സഹായം, വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ ഏർപ്പെടുത്തും. ഈമാസം 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ പ്രചാരണം ഒമ്പതിന് സമാപിക്കും. 13നാണ് വോട്ടെണ്ണൽ.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































