തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പത്തിന് വിധി പറയും. അതുവരെ അറസ്‌റ്റ് ഉൾപ്പടെയുള്ള തുടർനടപടികൾ പാടില്ലെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു.
ഹോം സ്‌റ്റേയിലെത്തിച്ചു പീഡിപ്പിച്ചെന്ന് കാട്ടി ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസുകാരി നൽകിയ പരാതിയിലാണ് കേസ്. യുവതി കെപിസിസിക്ക് നൽകിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അവധിക്ക് നാട്ടിലെത്തിയപ്പോൾ വിവാഹ വാഗ്‌ദാനം നൽകി ഹോം സ്‌റ്റേയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
എന്നാൽ, പരാതിക്കാരിയുടെ പേര് പോലും ഇല്ലാതെ ലഭിച്ച ഇ-മെയിലിന്റെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പരാതി അടിസ്‌ഥാന രഹിതവും രാഷ്‌ട്രീയ പ്രേരിതവുമാണെന്നും രാഹുൽ ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യത്തെ ബലാൽസംഗ പരാതിയിൽ കേസെടുത്തതിന് പിന്നാലെ 12 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. കേസിൽ രാഹുലിന്റെ അറസ്‌റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഈ കേസ് ഈമാസം 15ലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്‌തെന്ന പരാതിയിലാണ് ആദ്യത്തെ കേസ്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































