ആധാർ കാർഡുമായി ബന്ധിപ്പിച്ചുള്ള മൊബൈൽ നമ്പർ ഇനി നിങ്ങൾക്ക് വീട്ടിലിരുന്ന് അപ്‍ഡേറ്റ് ചെയ്യാം. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി സ്വയം ആധാർ മൊബൈൽ നമ്പർ പുതുക്കാനുള്ള ഫീച്ചർ പുത്തൻ ആധാർ ആപ്പിൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവതരിപ്പിച്ചു.
ഈ സവിശേഷത ആധാർ ആപ്പിൽ വന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ അപ്‍ഡേറ്റ് ചെയ്യാൻ ആധാർ സെന്റർ സന്ദർശിക്കുകയും ക്യൂവിൽ നിൽക്കുകയോ വേണ്ടിവരില്ല. നാളിതുവരെ ആധാർ മൊബൈൽ നമ്പർ അപ്‍ഡേറ്റ് ചെയ്യാൻ എൻറോൾമെന്റ് സെന്റർ സന്ദർശിക്കണമായിരുന്നു. എന്നാൽ, ഇനി അത് വേണ്ട.
പുതിയ ആധാർ ആപ് തുറന്നാൽ Mobile Number Update എന്നൊരു ഓപ്‌ഷൻ കാണാനാകും. പേര്, വിലാസം, ഇ-മെയിൽ അഡ്രസ് തുടങ്ങിയ വിവരങ്ങൾ ആധാർ ആപ് വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉടൻ വരും. എന്നാൽ, ജനന തീയതി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആപ്പിൽ ഇപ്പോൾ ലഭ്യമല്ല. ആധാർ കാർഡിലെ ഫിംഗർ പ്രിന്റ്, ഐറിസ് സ്‌കാൻ എന്നീ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഓൺലൈൻ സൗകര്യം ലഭ്യമാവില്ല.
ആധാറിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കാൻ ആധാർ എൻറോൾമെന്റ് സന്ദർശിച്ചേ മതിയാകൂ. നിലവിലെ അപ്ഡേറ്റ് അനുസരിച്ച്, ആധാർ ആപ് വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ഒടിപി അടിസ്‌ഥാനത്തിലുള്ള സേവനമായതിനാൽ ആധാർ കാർഡുമായി ഒരു മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെങ്കിൽ ആക്‌ടീവ് സിം കാർഡ് ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിവിധ സർക്കാർ സേവനങ്ങൾക്കും ഒടിപി അധിഷ്‌ഠിത സേവനം ആവശ്യമായി വരും.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി





































