തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ കനത്ത പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്. 1.20 വരെയുള്ള കണക്കുപ്രകാരം ഏഴ് ജില്ലകളിലായി 46.96 ശതമാനമാണ് പോളിങ്. എറണാകുളത്തും ആലപ്പുഴയിലും പോളിങ് 50 ശതമാനം കടന്നു.
ഏറ്റവും കുറവ് പോളിങ് നടക്കുന്നത് തിരുവനന്തപുരത്താണ്. 36.97 ശതമാനമാണ് പോളിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
വൈകീട്ട് ആറുവരെയാണ് വോട്ടിങ് സമയമെങ്കിലും അതിനുമുൻപ് ബൂത്തിൽ എത്തുന്നവരെ ടോക്കൺ നൽകി ആറിന് ശേഷവും വോട്ട് ചെയ്യാൻ അനുവദിക്കും. ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
36,630 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത്-471, ബ്ളോക്ക് പഞ്ചായത്ത്- 75, ജില്ലാ പഞ്ചായത്ത്-7, മുനിസിപ്പാലിറ്റി- 39, കോർപറേഷൻ- 3 എന്നിവ ഉൾപ്പടെ ആകെ 11,168 വാർഡുകളിലാണ് സ്‌ഥാനാർഥികൾ ജനവിധി തേടുന്നത്.
അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. സ്‌ഥാനാർഥികൾ മരിച്ചതിനെ തുടർന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവെച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്‌ഥാനാർഥിയുടെ മരണം മൂലം മാറ്റിവെച്ചു.
അതിനിടെ, ഈമാസം 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ പ്രചാരണം ഇന്ന് സമാപിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അന്നേദിവസം വോട്ടെടുപ്പ്. 13നാണ് വോട്ടെണ്ണൽ.
Most Read| കടുത്ത നടപടിയുമായി കേന്ദ്രം; ഇൻഡിഗോ സർവീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും







































