തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് ആറുവരെയിരുന്നു പോളിങ് സമയം. വരിയിൽ ഉണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാനുള്ള അവസരം നൽകി. 6.30നുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ്.
ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ് (73.96%). കുറവ് പത്തനംതിട്ടയിലും (66.35%). തിരുവനന്തപുരം (66.53%), കൊല്ലം (69.08%), കോട്ടയം (70.33%), ഇടുക്കി (70.98%), ആലപ്പുഴ (73.32%) എന്നിങ്ങനെയാണ് ജില്ലാ അടിസ്‌ഥാനത്തിലെ പോളിങ്.
ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 36,630 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത്-471, ബ്ളോക്ക് പഞ്ചായത്ത്- 75, ജില്ലാ പഞ്ചായത്ത്-7, മുനിസിപ്പാലിറ്റി- 39, കോർപറേഷൻ- 3 എന്നിവ ഉൾപ്പടെ ആകെ 11,168 വാർഡുകളിലാണ് സ്‌ഥാനാർഥികൾ ജനവിധി തേടിയത്.
അതേസമയം, മറ്റന്നാൾ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ കലാശക്കൊട്ട് ആവേശകരമാക്കി. കണ്ണൂർ പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ സംഘർഷം ഉണ്ടായി. യുഡിഎഫ് പ്രവർത്തകരെയും പ്രചാരണ വാഹനത്തെയും സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































