തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ് സമയം. ജില്ലകളിൽ പോളിങ് സാമഗ്രികളുടെ വിതരണം നടക്കുകയാണ്.
13നാണ് വോട്ടെണ്ണൽ. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നൽകും.
അതേസമയം, വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവെച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിങ് നടത്തും. സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും എറണാകുളം പാമ്പാക്കുട ഗ്രാപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും ഇന്നലത്തെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവെച്ചിട്ടുണ്ട്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!








































