തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ പരാതിയിലും മൊഴികളിലും വൈരുധ്യം ഉണ്ടെന്നും, വിഷയത്തിൽ സംശയമുണ്ടെന്നുമാണ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.
യുവതി പോലീസിൽ പരാതി നൽകാതെ കെപിസിസിക്ക് പരാതി നൽകിയതിലും, പരാതി നൽകാൻ രണ്ടു വർഷത്തിലധികം സമയം എടുത്തതിലും കോടതി സംശയം പ്രകടിപ്പിച്ചു. രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ബലാൽസംഗക്കുറ്റം തെളിയിക്കാൻ പ്രഥമദൃഷ്‌ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മർദ്ദത്തെ തുടർന്നാണ് പരാതി നൽകിയതെന്ന സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും കോടതി വിധിയിൽ പറയുന്നു.
ക്രൈം ബ്രാഞ്ച് മുൻപ് തന്നെ തന്നോട് വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്ന് യുവതി കെപിസിസി പ്രസിഡണ്ടിന് നൽകിയ പരാതിയിൽ പറയുന്നത് സംശയകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് യുവതി ആലോചിക്കുന്നതിന് മുൻപ് തന്നെ പോലീസ് വിവരം ശേഖരിച്ചത് എന്തിനെന്നതിൽ സംശയമുണ്ടെന്നാണ് കോടതി പറഞ്ഞത്.
രാഹുലിനെതിരായ പരാതി ഗൗരവമുള്ളതാണെന്നും എന്നാൽ പരാതി നൽകാൻ വലിയ കാലതാമസം ഉണ്ടായെന്നും കോടതി വ്യക്‌തമാക്കി. സ്വകാര്യതയും ഭാവിയും നശിക്കുമെന്ന് ഭയന്നാണ് പരാതി നൽകാതിരുന്നതെന്നാണ് കെപിസിസിക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നത്. എന്നാൽ, രാഹുൽ വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചാണ് പരാതി നൽകാതിരുന്നതെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്.
പോലീസിനെ സമീപിക്കാതെ കെപിസിസി പ്രസിഡണ്ടിനാണ് പരാതി നൽകിയത്. അതിൽ പദവികളിൽ നിന്ന് രാഹുലിനെ നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിനെതിരെ മറ്റൊരു യുവതി ഉന്നയിച്ച ഗർഭധാരണ, ഗർഭഛിദ്ര ആരോപണങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങളും കാലതാമസവും പരിഗണിക്കുമ്പോൾ ആരോപണങ്ങളെ സംശയത്തോടെയാണ് കാണുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു.
ബലാൽസംഗത്തെ തുടർന്ന് മുറിവുകൾ ഉണ്ടായെന്നും മരുന്ന് കഴിച്ചെന്നും പരാതിയിൽ പറയുന്നുണ്ടെങ്കിലും വീട്ടുകാർ അറിയുമെന്ന് കരുതി ചികിൽസ എടുത്തില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ആരോപണം എന്നാൽ, ആരോപണം തെളിയിക്കാൻ പാകത്തിനുള്ള ഒരു രേഖയും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്‌തമാക്കി.
ഉപാധികളോടെയാണ് രാഹുലിന് ഇന്ന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന കർശന ഉപാധി കോടതി മുന്നോട്ടുവെച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. അറസ്‌റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണം.
ആദ്യ കേസിലെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത് തിങ്കളാഴ്‌ചയാണ്. രണ്ടാം കേസിലെ ജാമ്യ ഉപാധി പ്രകാരം ആ ദിവസം തന്നെയാണ് രാഹുൽ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ എത്തേണ്ടത്. ഒളിവിൽ കഴിയുന്ന രാഹുൽ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ എത്തുന്ന ദിവസം തന്നെയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ








































