തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ്. ജില്ലകളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
604 തദ്ദേശ സ്‌ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത്-470, ബ്ളോക്ക് പഞ്ചായത്ത്- 77, ജില്ലാ പഞ്ചായത്ത്-7, മുൻസിപ്പാലിറ്റി- 47, കോർപറേഷൻ- 3). 12,391 വാർഡുകളിലേക്കാണ് (ഗ്രാമപഞ്ചായത്ത് വാർഡ്- 9015, ബ്ളോക്ക് പഞ്ചായത്ത് വാർഡ്- 1177, ജില്ലാ പഞ്ചായത്ത് വാർഡ്- 182, മുനിസിപ്പാലിറ്റി- 1829, കോർപറേഷൻ വാർഡ്- 188) വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 15337176 വോട്ടർമാരാണുള്ളത്. പുരുഷൻമാർ- 72,46,269. സ്‌ത്രീകൾ- 80,90,746. ട്രാൻസ്ജെൻഡർ- 161. പ്രവാസി- 3293. 13നാണ് വോട്ടെണ്ണൽ. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. 38,994 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
കണ്ണൂരിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടിക്കുണ്ട്, അഞ്ചാംപീടിക എന്നീ വാർഡുകളിൽ സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടങ്ങളിൽ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലെ യുഡിഎഫ് സ്‌ഥാനാർഥി മരണപ്പെട്ടതിനാൽ ആ വാർഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിട്ടുണ്ട്.
കാസർഗോഡ് ജില്ലകളിലെ മംഗൽപാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും കണ്ണൂർ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തിൽ ആരും വാർഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലും സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ, അതത് പോളിങ് ബൂത്തുകളിൽ ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































