ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ ജസ്‌റ്റിസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും. വിസി നിയമനത്തിനുള്ള മെറിറ്റ് അടിസ്‌ഥാനമാക്കി മുൻഗണന തയ്യാറാക്കാനാണ് യോഗം ചേരുന്നത്. ഓൺലൈനായിട്ടാകും യോഗം ചേരുകയെന്നാണ് സൂചന.
സാങ്കേതിക സർവകലാശാലയിലെ വിസി പാനൽ തയ്യാറാക്കിയത് ജസ്‌റ്റിസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ്. ഡോ. നിലോയ് ഗാംഗുലി, ഡോ. വിഎൻ അച്യുത നായ്‌കൻ, ഡോ. അവിനാഷ് കുമാർ അഗർവാൾ, ഡോ. ബിനോദ് കുമാർ കനൗജിയ, എന്നിവരാണ് സമിതിയിലെ മറ്റു നാല് അംഗങ്ങൾ. ഇതിൽ ഡോ. നിലോയ് ഗാംഗുലി, വിഎൻ അച്യുത നായ്‌കൻ എന്നിവർ സംസ്‌ഥാന സർക്കാരിന്റെ നോമിനികളും രണ്ടുപേർ ചാൻസലറുടെ നോമിനികളുമായിരുന്നു.
ഡോ. ടിആർ ഗോവിന്ദരാജൻ, ഡോ. എസ് ചാറ്റർജി, ഡോ. മുകുൾ എസ്എസ്, ഡോ. വി. കാമകോടി എന്നിവരാണ് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പാനൽ തയ്യാറാക്കിയ സേർച്ച് കമ്മിറ്റിയിൽ ദുലിയയയ്‌ക്ക് പുറമേയുണ്ടായിരുന്ന മറ്റു അംഗങ്ങൾ. ഡോ. മുകുൾ എസ്എസ്, ഡോ. വി. കാമകോടി എന്നിവർ ചാൻസലറുടെ നോമിനിയും മറ്റുരണ്ടുപേർ സംസ്‌ഥാന സർക്കാരിന്റെ നോമിനികളുമായിരുന്നു.
ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിന് ദുലിയ അധ്യക്ഷനായ പാനൽ മുഖ്യമന്ത്രിക്ക് കൈമാറിയ പട്ടികയിൽ സ്‌ഥാനം പിടിച്ചത് അഞ്ചുപേരാണ്. സിസ തോമസ്, ജിൻ ജോസ്, പ്രിയ ചന്ദ്രൻ, രാജശ്രീ എംഎസ്, സജി ഗോപിനാഥ്. എന്നാൽ മുഖ്യമന്ത്രി മുൻഗണനാ പട്ടിക തയ്യാറാക്കിയപ്പോൾ സജി ഗോപിനാഥ് ഒന്നാമനായി. രാജശ്രീ എംഎസ്, ജിൻ ജോസ്, പ്രിയ ചന്ദ്രൻ എന്നിവരായിരുന്നു യഥാക്രമം രണ്ടും മൂന്നും നാലും സ്‌ഥാനങ്ങളിൽ ഉണ്ടായിരുന്നത്.
സിസ തോമസിനെ ശുപാർശ ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരുന്നു. വിസിമാരെ സുപ്രീം കോടതിയാണ് തീരുമാനിക്കുക. ചാൻസലർ നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി മുദ്രവെച്ച കവറിൽ കൈമാറാൻ ജസ്‌റ്റിസ് സുധാൻഷു ദുലിയയോട് സുപ്രീം കോടതി ഇന്ന് നിർദ്ദേശിച്ചിരുന്നു. അടുത്ത ബുധനാഴ്‌ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിർദ്ദേശം.
പട്ടികയിൽ നിന്ന് വൈസ് ചാൻസലറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്‌ച പുറത്തിറക്കുമെന്ന് ജസ്‌റ്റിസുമാരായ ജെബി പർദിവാല, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ സമവായം ആകാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി






































