കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം.
ഒന്നാംപ്രതി എൻ.എസ് സുനിൽ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്‌ഠൻ, നാലാം പ്രതി പി.വി വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം (വടിവാൾ സലിം), ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാൽസംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അതിജീവിതയ്‌ക്ക് അഞ്ചുലക്ഷം രൂപ പിഴ തുകയിൽ നിന്ന് നൽകാനും കോടതി വിധിയിൽ പറയുന്നു. ഒന്നാംപ്രതി സുനിലിന് ഐടി ആക്‌ട് പ്രകാരം അഞ്ചുവർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിനൊപ്പം അനുഭവിച്ചാൽ മതി. പ്രതികളെ എല്ലാവരെയും വിയ്യൂർ ജയിലിലേക്ക് അയക്കും. ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണം. പ്രതികൾക്ക് റിമാൻഡ് കാലത്തെ തടവ് ഇളവ് ചെയ്‌തിട്ടുണ്ട്.
ജീവപര്യന്തം തടവാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കോടതി കഠിനതടവ് വിധിക്കുകയായിരുന്നു. പ്രതികളുടെ പ്രായം കൂടി പരിഗണിക്കണമെന്നും എല്ലാവരും 40 വയസിന് താഴെയുള്ളവരാണെന്നും കോടതി വിധിയിൽ പറയുന്നു. അതിജീവിത കടന്നുപോയത് വലിയ ട്രോമയിൽ കൂടിയാണെന്നും കോടതി വിധിയിൽ പരാമർശിച്ചു.
അതേസമയം, ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്‌ഥൻ കസ്‌റ്റഡിയിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശം നൽകി. കേസിലെ മറ്റു പ്രതികളായിരുന്ന പി. ഗോപാലകൃഷ്‌ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി, ശരത്ത് എന്നിവരെ കോടതി കുറ്റവിമുക്‌തരാക്കിയിരുന്നു.
നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയായായിരുന്നു. എന്നാൽ, ദിലീപിനെതിരെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയുമായിരുന്നു.
Most Read| ഇൻഡിഗോ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ട് ഡിജിസിഎ








































