തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലം. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂർണഫലം അറിയാനാകും. ആദ്യഘട്ടമായി ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്ന തെക്കൻ ജില്ലകളിൽ പോളിങ് ശതമാനം കുറഞ്ഞിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 70.91 ശതമാനമായിരുന്നു പോളിങ്. ഇന്നലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്.
തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്ക് പോളിങ് കൂടുതലായിരുന്നു. 74.52 ശതമാനമാണ് വടക്കൻ ജില്ലകളിൽ രേഖപ്പെടുത്തിയത്. ജില്ലകളിൽ ഇത്തവണ ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 66.78 ശതമാനം. കൂടുതൽ വയനാടും നിലനിർത്തി. 78.03 ശതമാനം. കോർപറേഷനുകളിൽ ഏറ്റവും കുറഞ്ഞ പോളിങ് തിരുവനന്തപുരത്താണ്. 58.29%. കൂടുതൽ കണ്ണൂരും. 70.32%.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ ആര് വാഴുമെന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കി. ആധിപത്യം തുടരാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് യുഡിഎഫ് കരുതുന്നത്. കരുത്ത് കാണിക്കാനാകുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി








































