തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാർട്ടിയിൽ ചർച്ചകൾ സജീവം. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു കോർപറേഷൻ ഭരണം ബിജെപി നേടുന്നത്. സംസ്‌ഥാന സെക്രട്ടറി വിവി രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം വിവി രാജേഷിന് അനുകൂലമാണെന്നാണ് വിവരം. കേന്ദ്ര തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോർപറേഷനിലെ കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വിവി രാജേഷ് വിജയിച്ചത്. രാജേഷിനെ മേയറാക്കാൻ തീരുമാനിച്ചാൽ ആർ. ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം.
നിലവിൽ ഡെപ്യൂട്ടി മേയർ സ്‌ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ശ്രീലേഖയെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സ്‌ഥാനാർഥയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മേയർ പദവിയില്ലെങ്കിലും സമ്പുഷ്‌ടമാണെന്നായിരുന്നു ശ്രീലേഖയുടെ ആദ്യ പ്രതികരണം. സാധാരണ കൗൺസിലറായി തുടരും. വിജയം വലിയ അംഗീകാരമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ മേയർ സ്‌ഥാനാർഥികളായി പരിഗണിച്ചിരുന്ന മുതിർന്ന നേതാക്കളും യുഡിഎഫിൽ നിന്ന് ശബരീനാഥൻ അടക്കമുള്ളവരും വിജയിച്ച പശ്‌ചാത്തലത്തിൽ കൗൺസിൽ യോഗങ്ങൾ പ്രക്ഷുബ്‌ധമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ രാഷ്‌ട്രീയമായി എതിരാളികളെ നേരിടാൻ ശ്രീലേഖയ്‌ക്ക് പരിമിതികൾ ഉണ്ടെന്നാണ് വിലയിരുത്തൽ.
കോർപറേഷനിൽ ആകെയുള്ള 101 വാർഡുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം ഉറപ്പിച്ചിരിക്കുന്നത്. എൽഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. രണ്ടു സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































