കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ കേസെടുത്ത് പോലീസ്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. ശരത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനം തകർത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കണ്ണൂർ പാറാട് പാനൂരിൽ വടിവാൾ വീശി ആക്രമണം നടത്തുകയായിരുന്നു. യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാർട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികൾ എത്തിയത്.
വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്തുപറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. പോലീസ് ഇതിനിടെ ലാത്തിവീശി ഇരുവിഭാഗം പ്രവർത്തകരെയും സ്‌ഥലത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ, പിന്നീട് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തുകയും വീടുകളിൽ കടന്നുചെന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും എൽഡിഎഫ് പ്രവർത്തകരെ എത്രമാത്രം ഉലയ്‌ക്കുന്നു എന്നതിന്റെ തെളിവായിരുന്നു വിവിധ ജില്ലകളിൽ ഇന്നലെ രാത്രി അരങ്ങേറിയ അക്രമസംഭവങ്ങൾ. ഫലം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു പാനൂരിലെ സംഘർഷം. കണ്ണൂർ ഉളിക്കൽ മണിപ്പാറയിലും സിപിഎം-കോൺഗ്രസ് സംഘർഷമുണ്ടായി.
ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫീസിന് നേരെയായിരുന്നു പിന്നീട് ആക്രമണം. പോലീസ് സാന്നിധ്യത്തിലാണ് സിപിഎം പ്രവർത്തകർ ഓഫിസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഏറാമലയിലെ തന്നെ ഇന്ദിരാഭവന് നേരെയും ആക്രമണം നടന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമയ്‌ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































