കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ ബലാൽസംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ക്രിസ്‌മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഇത് പരിഗണിച്ചാണ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്. ജസ്‌റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഈ കേസിൽ ഡിസംബർ പത്തിനാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ഒപ്പിടണമെന്നായിരുന്നു ഉപാധി.
അതേസമയം, വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തെന്ന മറ്റൊരു കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ നൽകിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ കേസിൽ രാഹുലിന്റെ അറസ്‌റ്റ് തൽക്കാലത്തേക്ക് തടഞ്ഞു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് കേൾക്കും. ഉച്ചയോടെ കേസ് പരിഗണിക്കുമെന്നാണ് കരുതുന്നത്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്





































