ന്യൂഡെൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാനുള്ള വിപ് നൽകിയിട്ടുണ്ട്.
വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) എന്നാണ് പുതിയ പേര്. ചുരുക്കപ്പേര് വിബി ജി റാം ജി. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതിയെ പേരുൾപ്പടെ മാറ്റി പുനഃക്രമീകരിക്കുന്നത്.
2005ൽ യുപിഎ സർക്കാർ കൊണ്ടുവന്നതാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ). വർഷം 100 ദിവസം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി, ഇന്ത്യയിൽ ഗ്രാമീണ മേഖലയ്ക്കും സാധാരണ കുടുംബങ്ങൾക്കും സാമ്പത്തികമായി വൻ ആശ്വാസം പകർന്നിരുന്നു. പേര് മാറിവരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ 100ന് പകരം 125 തൊഴിൽ ദിനങ്ങൾ ആകും.
തൊഴിലിന് ശേഷം വേതനം ഏഴ് ദിവസം അല്ലെങ്കിൽ പരമാവധി 15 ദിവസത്തിനകം നൽകും. അഥവാ, വേതനം ഈ കാലപരിധിക്കുള്ളിൽ നൽകാനായില്ലെങ്കിൽ പ്രത്യേകമായി തൊഴിലില്ലായ്മ അലവൻസ് നൽകാനുള്ള നിർദ്ദേശവും ബില്ലിൽ ഉണ്ടാകും. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽ, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവ 100ലധികം തൊഴിൽദിനങ്ങൾ ഉറപ്പാക്കിയ സംസ്ഥാനങ്ങളാണ്.
നിലവിൽ പദ്ധതി ഫണ്ടിങ്ങിൽ 90% തുക കേന്ദ്രവും 10% സംസ്ഥാനങ്ങളുമാണ് വഹിക്കുന്നത്. പുതിയ ബിൽ പ്രകാരം ഇത് 60:40 ആയേക്കും. 40% തുക സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. അതായത്, പുതിയ പദ്ധതിപ്രകാരം സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭാരം കൂടും. ഇത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കാം. കേരളത്തിൽ ഉൾപ്പടെ പുതിയ ബിൽ വൻ കോളിളക്കം സൃഷ്ടിച്ചേക്കാം.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































