ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. ഇന്നലെ വൈകീട്ട് മജൽട്ട ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ജമ്മു കശ്‌മീർ പോലീസ് സേനാംഗം വീരമൃത്യു വരിച്ചത്.
ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സുരക്ഷാസേന ഇവിടേക്ക് എത്തിയത്. തുടർന്ന് ഭീകരർ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അതേസമയം, ഭീകരരിൽ ഒരാൾക്കും സുരക്ഷാസേന നടത്തിയ വെടിവയ്‌പ്പിൽ പരിക്കേറ്റിട്ടുണ്ട്.
വെടിവയ്‌പ്പ് അവസാനിച്ചെങ്കിലും പ്രദേശത്ത് സുരക്ഷാസേനയുടെ കർശനമായ നിരീക്ഷണം തുടരുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരവാദികൾ രക്ഷപ്പെടാതിരിക്കാൻ എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നാണ് നിഗമനം.
ജമ്മു കശ്‌മീർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും (എസ്ഒജി) സിആർപിഎഫിന്റെയും സംയുക്‌ത സംഘമാണ് ഭീകരരെ വളഞ്ഞിരിക്കുന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































