കൊച്ചി: വയനാട് തുരങ്കപാത നിർമാണം തുടരാൻ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്‌ഥിതിക അനുമതി ഉൾപ്പടെ ചോദ്യം ചെയ്‌തുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്‌റ്റ്യൻ എന്നിവരുടെ ഉത്തരവ്.
അതേസമയം, ഹരജിക്കാർക്ക് ആവശ്യമെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്‌തമാക്കി. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല, പല വസ്‌തുതകളും മറച്ചുവെച്ചാണ് പാരിസ്‌ഥിതിക അനുമതി തേടിയത് തുടങ്ങിയ ആരോപണങ്ങളുമായി പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് കോടതി കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ അഭിപ്രയം തേടി. പിന്നാലെ കോടതി പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. മലബാറിന്റെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയുടെ നിർമാണ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.
വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണത്തോടെ സാഫല്യമാകാൻ പോകുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ ചിലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ ആയി കുറയും.
താമരശ്ശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം. തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































