സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് വിവരം. സാജിദും മകൻ നവീദ് അക്രമവുമാണ് ആക്രമണത്തിന് പിന്നിൽ. 27 വർഷം മുൻപ് വിദ്യാർഥി വിസയിൽ ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം.
ഹൈദരാബാദിൽ ബികോം ബിരുദം പൂർത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രവും മകളും ഓസ്ട്രേലിയയിലാണ് ജനിച്ചത്.
ഇരുവരും ഓസ്ട്രേലിയൻ പൗരൻമാരാണ്. ഇന്ത്യയിലെ ബന്ധുക്കളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ 27 വർഷമായി ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറുതവണയാണ് ഇന്ത്യയിലെത്തിയത്.
ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17 ഓടെയായിരുന്നു സംഭവം. ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 40 പേർക്കാണ് പരിക്കേറ്റത്. നവീദ് അക്രം പരിക്കുകളോടെ ചികിൽസയിലാണ്.
Most Read| വോട്ടെടുപ്പ് മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ








































