തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ പത്തുമുതലാണ് വോട്ടെണ്ണൽ.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.
പുതുതായി പട്ടിക സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഡിസംബർ 24 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഡിസംബർ 26നാണ്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ 29. അതേസമയം, സ്ഥാനാർഥിത്വം പിൻവലിക്കാൻ നേരത്തെ നോട്ടീസ് നൽകിയവർ വീണ്ടും മൽസരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതുതായി നാമനിർദ്ദേശം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റച്ചട്ടം നിലനിൽക്കും.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും






































