തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് ഒടുവിൽ പരിഹാരം. രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിനെ മാറ്റി. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റിയത്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സർക്കാരും ഗവർണറും സമവായത്തിൽ എത്തിയതിന് പിന്നാലെയാണ് കേരളയിലും മാറ്റം.
സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെയുമാണ് നിയമിച്ചത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽ കുമാർ നേരത്തെ സസ്പെൻഷനിൽ ആയിരുന്നു. സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കിയതാണ് വിവാദമായത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി റദ്ദാക്കിയത്. എന്നാൽ, പരിപാടി പിന്നീട് നിശ്ചയിച്ച പ്രകാരം നടക്കുകയും ഗവർണർ പങ്കെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിസി മോഹനൻ കുന്നുമ്മലിനോട് ഗവർണർ റിപ്പോർട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രജിസ്ട്രാറാറെ സസ്പെൻഡ് ചെയ്തത്.
എന്നാൽ, സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയെങ്കിലും വിസി അംഗീകരിച്ചില്ല. രജിസ്ട്രാർ ചുമതല അനിൽ കുമാറിന് എടുക്കാനും സാധിച്ചില്ല. സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ കുമാർ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ സാഹചര്യം തുടരുന്നതിനിടെയാണ് ഡെപ്യൂട്ടേഷൻ റദ്ദാക്കിയത്. അനിൽ കുമാറിന്റെ അഭ്യർഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ പറയുന്നത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































