കാസർഗോഡ്: പട്ടാപ്പകൽ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് കാസർഗോഡ് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
150 കിലോമീറ്റർ അകലെ കർണാടകയിലെ സകലേശ്‌പുരിൽ നിന്നാണ് കർണാടക പോലീസ് സംഘത്തെ പിടികൂടിയത്. ആന്ധ്രാ സ്വദേശികളായ നാലുപേരെയും ഹനീഫയെയും ഇന്ന് പുലർച്ചെ കാസർഗോഡ് സ്‌റ്റേഷനിൽ എത്തിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കറന്തക്കാട് ആര്യഭവൻ ഹോട്ടലിന് മുന്നിലെ സർവീസ് റോഡിൽ നിന്നാണ് ഹനീഫയെ ബലപ്രയോഗത്തിലൂടെ കാറിലേക്ക് വലിച്ചുകയറ്റിയത്. ആളുകളെ നോക്കിനിൽക്കെ മിന്നൽ വേഗത്തിൽ കാർ ഓടിച്ചുപോയി. സംഭവ സ്‌ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സിസിടിവി പരിശോധിച്ചതിൽ നിന്നാണ് വാഹനത്തെ കുറിച്ച് വിവരം ലഭിച്ചത്.
ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോർപിയോ കാറാണെന്ന് കണ്ടെത്തി. ഇതോടെ അതിർത്തി സ്‌റ്റേഷനുകളിലേക്കും അയൽ സംസ്‌ഥാനമായ കർണാടകയിലേക്കും വിവരം കൈമാറി. കർണാടക പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. തുടർന്ന് കാസർഗോഡ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെ കാസർഗോഡ് പോലീസ് സകലേശ്‌പുരിലെത്തി പ്രതികളെ അറസ്‌റ്റ് ചെയ്‌ത് ഇന്ന് പുലർച്ചെയോടെ കാസർഗോഡ് എത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം മൂന്ന് ദിവസമായി ഹനീഫയെ നിരീക്ഷിക്കുന്നതായി ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്‌തമായി. ബേക്കൽ സ്വദേശിയുമായി ഹനീഫയ്‌ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് വിവരം.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































