കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി പി. ഇന്ദിരയെ പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഡെപ്യൂട്ടി മേയറാണ്. കണ്ണൂർ കോർപറേഷനിലാണ് ആദ്യമായി കോൺഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്.
ഇന്ദിരയുടെയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായ ശ്രീജ മഠത്തിലിന്റെയും പേരുകളാണ് മേയർ സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇതിൽ നിന്ന് ഇന്ദിരയെ മേയറായി പാർട്ടി തീരുമാനിച്ചു. കെസി വേണുഗോപാൽ, കെ. സുധാകരൻ എന്നിവരുടെ പിന്തുണ ഇന്ദിരയ്‌ക്കായിരുന്നു.
കോൺഗ്രസ് വിമത സ്‌ഥാനാർഥി ഉൾപ്പടെ നാലുപേർ മൽസരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്ദിര ജയിച്ചത്. കെഎസ്‌യുവിൽ പ്രവർത്തിക്കുന്ന കാലത്ത് കൃഷ്‌ണമേനോൻ സ്‌മാരക വനിതാ കോളേജിൽ അട്ടിമറി ജയത്തിലൂടെ പി. ഇന്ദിര ചെയർപേഴ്‌സനായിരുന്നു. കണ്ണൂർ മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും ഇന്ദിര കൗൺസിലറായിരുന്നു.
ഡെപ്യൂട്ടി മേയർ സ്‌ഥാനത്തിന് പുറമെ ആരോഗ്യം, പൊതുമരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷയുമായിരുന്നു. 2015ൽ കണ്ണൂർ കോർപറേഷൻ ആയതുമുതൽ കൗൺസിലറായ ഇന്ദിര തുടർച്ചയായി മൂന്നാം തവണയാണ് ജയിക്കുന്നത്. മുസ്‌ലിം ലീഗിലെ കെപി താഹിറിനെയാണ് ഡെപ്യൂട്ടി മേയർ സ്‌ഥാനത്തേക്ക് പരിഗണിക്കുന്നത്.
എൽഡിഎഫ് സർവസന്നാഹങ്ങളുമായി പിടിച്ചെടുക്കാൻ ശ്രമിച്ച കണ്ണൂർ കോർപറേഷൻ തിളക്കമാർന്ന ജയത്തോടെയാണ് യുഡിഎഫ് നിലനിർത്തിയത്. 56 ഡിവിഷനുകളിൽ 36 എണ്ണം നേടിയാണ് കോർപറേഷൻ യുഡിഎഫ് നിലനിർത്തിയത്. എൽഡിഎഫ് 15 ഇടത്ത് ജയിച്ചു. എൻഡിഎ നാലിടത്തും എസ്‌ഡിപിഐ ഒരിടത്തും ജയിച്ചു.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി






































