കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ അടിയന്തിരമായി നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഉടൻ റിപ്പോർട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക്, ഡിജിപി നിർദ്ദേശം നൽകി.
പൊതുസ്ഥലത്തെ പോലീസ് മർദ്ദനം മൊബൈലിൽ ചിത്രീകരിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിനെ തിരക്കി വന്ന ഭാര്യയ്ക്കാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. 2024 ജൂൺ 20ന് നടന്ന മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കൊച്ചി സ്വദേശി ഷൈമോൾക്കാണ് പോലീസിന്റെ അടിയേറ്റത്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് പോലീസ് കൈമാറിയത്. മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ പൊതു സ്ഥലത്ത് വെച്ച് രണ്ടുപേരെ മർദ്ദിക്കുന്നത് യുവാവ് ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് പോലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
സംഭവമറിഞ്ഞ യുവാവിനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ ഭാര്യയെയാണ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ മർദ്ദിച്ചത്. യൂണിഫോം ധരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലും അക്രമം നടത്തിയത്. യുവതിയെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന് കൂടുതൽ അക്രമത്തിന് മുതിർന്ന എസ്എച്ച്ഒയെ മറ്റു ഉദ്യോഗസ്ഥർ പിടിച്ചുനിർത്തുകയായിരുന്നു.
മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾക്കായി ഒരുവർഷത്തോളം യുവതിക്ക് പോരാടേണ്ടി വന്നു. പരാതി നൽകിയപ്പോൾ യുവതി എസ്എച്ച്ഒയെ മർദ്ദിച്ചു എന്നാണ് പോലീസ് കഥ മെനഞ്ഞത്. തുടർന്ന് കോടതിയെ സമീപിച്ചപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. പോലീസ് ക്രൂരത സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. എസ്എച്ച്ഒയ്ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. നിലവിൽ അരൂർ എസ്എച്ച്ഒ ആണ് പ്രതാപചന്ദ്രൻ.
Most Read| പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; പ്രഖ്യാപിച്ച് കോൺഗ്രസ്








































