പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി മണിക്കൂറുകളോളം കൊടുംക്രൂരത നേരിട്ടതായി വിവരം. മോഷ്ടാവ് ആണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണ് മരിച്ചത്.
അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, കൈയ്യിൽ മോഷണ വസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദ്ദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. ആശുപത്രിയിൽ എത്തിച്ച രാമനാരായൺ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
നാട്ടുകാരായ പത്തുപേരെ കസ്റ്റഡിയിൽ എടുത്തതിൽ അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടെന്നും മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട് ലഭ്യമായാലേ വ്യക്തമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻഎസ് രാജീവ് പറഞ്ഞു. രാമനാരായണിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തും.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!


































