ധാക്ക: ബംഗ്ളാദേശിൽ വീണ്ടും വ്യാപക പ്രതിഷേധം. ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് പ്രക്ഷോഭം തുടങ്ങിയത്. തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപകമായി അക്രമം അഴിച്ചുവിട്ടു.
മാദ്ധ്യമ ഓഫീസുകൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കും തീയിട്ടു. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. അക്രമികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലായി ഡെയ്ലി സ്റ്റാർ, പ്രഥം ആലോ എന്നിവയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനും അക്രമികൾ തീയിട്ടു.
ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. 2024ൽ ബംഗ്ളാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവ് ആയിരുന്നു ഹാദി.
ബുധനാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാർ ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഓഫീസിന് മുന്നിൽ സംഘടിച്ചിരുന്നു. ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ തിരിച്ചെത്തിക്കുംവരെ ഹൈക്കമ്മീഷൻ ഓഫീസ് അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
ധാക്കയെ കൂടാതെ ചിറ്റഗോങ് ഉൾപ്പടെയുള്ള നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വൻതോതിൽ പോലീസിനെയും പാരാമിലിട്ടറി അംഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































