ഡമാസ്കസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം. രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ ഹോക്കേയ്’ എന്ന പേരിൽ സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം ആരംഭിച്ചത്.
സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ശനിയാഴ്ച മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണം നടത്തിയ ഐഎസ് ഭീകരനാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് തിരിച്ചടിയെന്നോണമാണ് യുഎസിന്റെ വ്യോമാക്രമണം. മധ്യസിറിയയിലെ 70ഓളം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക വൻ ആക്രമണം നടത്തിയതെന്നാണ് വിവരം. കൂടുതൽ ആക്രമണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-15 ഈഗിൾ, എ-10 തണ്ടർബോൾട്ട് തുടങ്ങിയവയും എഎച്ച്-65 അപാച്ചെ ഹെലികോപ്ടറുകളും അടക്കം ഉപയോഗിച്ചാണ് യുഎസ് സൈന്യം ഐഎസ് കേന്ദ്രങ്ങളിൽ തിരിച്ചടി നടത്തിയതെന്നാണ് വിവരം. ജോർദാനിൽ നിന്നുള്ള അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങളും ഹിമാർസ് മിസൈലുകളും യുഎസ് സേന ഉപയോഗിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































