പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാം നാരായണനാണ് മരിച്ചത്. ഡിസംബർ 18നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം അതിക്രൂരമായി മർദ്ദിച്ചത്. എന്നാൽ, ഇയാളുടെ കൈയിൽ മോഷണവസ്തുക്കൾ ഒന്നുമില്ലായിരുന്നു. നാട്ടുകാരുടെ മർദ്ദനമേറ്റ രാം നാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. ആശുപത്രിയിൽ എത്തിച്ച രാമനാരായൺ പിറ്റേന്ന് രാത്രിയോടെയാണ് മരിച്ചത്.
പോലീസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തത്. പുതിയ അന്വേഷണ സംഘം ഇന്നലെ സ്ഥലത്തെത്തി സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ മൊഴിയെടുത്തു. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ അറസ്റ്റിലായവർക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ട്. അഞ്ചുപേരാണ് ആദ്യം അറസ്റ്റിലായത്. മർദ്ദനത്തിൽ ഉൾപ്പെട്ടവരിൽ ചിലർ തമിഴ്നാട്ടിലേക്ക് കടന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ പോലീസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടക്കുകയാണ്.
എസ്സി, എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് രാം നാരായണിന്റെ കുടുംബം ഇന്നലെ ആവശ്യപ്പെട്ടത്. ബന്ധുക്കളുമായി മന്ത്രി കെ.രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയിൽ പത്തുലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകി.
മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് എത്തിക്കാനുള്ള ചിലവും സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായത്. മൃതദേഹം ഇന്ന് വിമാനമാർഗം സ്വദേശമായ റായ്പുരിലെത്തിക്കും. 15ഓളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് പോലീസ് ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ.ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































