കൊച്ചി: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ദീപ്‌തി മേരി വർഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറെ തിരഞ്ഞെടുത്തതെന്ന് ദീപ്‌തി പറഞ്ഞു. നേതൃത്വം ഇതിന് മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യത ഇല്ലായിരുന്നുവെന്നും ദീപ്‌തി വിമർശിച്ചു.
തനിക്ക് കൗൺസിലർമാരുടെ പിന്തുണ ഇല്ലായിരുന്നുവെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ തീരുമാനം മറ്റൊന്ന് ആകുമായിരുന്നു. സ്‌ത്രീ സംവരണത്തിലൂടെ രാഷ്‌ട്രീയത്തിൽ വന്നതല്ല.
മേയർ സ്‌ഥാനം ലഭിക്കാത്തതിൽ നിരാശയുമില്ല, പരാതിയുമില്ല. രണ്ട് മേയർമാർക്കും പൂർണ പിന്തുണ നൽകും. സ്‌ഥാനങ്ങൾ മോഹിച്ചല്ല രാഷ്‌ട്രീയത്തിൽ വന്നത്. നടപടിക്രമങ്ങൾ പാലിക്കാത്തതിൽ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ലാ നേതൃത്വവുമാണെന്നും ദീപ്‌തി പ്രതികരിച്ചു.
കൊച്ചി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യുഡിഎഫിലും ചില പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ട്. ദീപ്‌തിയെ ഒഴിവാക്കിയതിൽ ഒരുവിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്‌തിയുണ്ട്. ഡെപ്യൂട്ടി മേയർ പദവിയിൽ കൂടിയാലോചന നടത്താത്തതിൽ മുസ്‌ലിം ലീഗ് ഇടഞ്ഞു നിൽക്കുകയാണ്. ഇന്ന് വൈകീട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും.
സാമൂഹിക മാദ്ധ്യമത്തിൽ ദീപ്‌തിക്ക് പിന്തുണ നൽകി മുതിർന്ന നേതാക്കൾ രംഗത്തുവന്നു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ദീപ്‌തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ മേയർ സ്‌ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാൽ, വികെ മിനിമോളും ഷൈനി മാത്യുവും മേയർ പദവി പങ്കിടുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ആദ്യത്തെ രണ്ടരവർഷം മിനിമോളും പിന്നീടുള്ള രണ്ടരവർഷം ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽ നിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട് കൊച്ചി ഡിവിഷനിൽ നിന്ന് ശനി മാത്യുവും വിജയിച്ചു. ഡെപ്യൂട്ടി മേയർ പദവിയും വീതംവയ്‌ക്കും. ദീപക് ജോയ് ആദ്യം മേയറാകും. കെവിപി കൃഷ്‌ണകുമാർ രണ്ടരവർഷത്തിന് ശേഷം ഡെപ്യൂട്ടി മേയറാകും.
Most Read| സംസ്‌ഥാനത്തെ ആദ്യ സ്‌കിൻ ബാങ്ക് പ്രവർത്തന സജ്‌ജം







































