കൊച്ചി: യുഡിഎഫ് ഘടകകക്ഷിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരുവർഷം കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ പദവി ലീഗിന് നൽകാൻ തീരുമാനമായി. മുന്നണി മര്യാദകൾ പാലിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി മേയർ, ഡെപ്യൂട്ടി മേയർ പദവികൾ പ്രഖ്യാപിച്ചതിൽ മുസ്ലിം ലീഗ് പ്രതിഷേധത്തിൽ ആയിരുന്നു.
ഒടുവിൽ പ്രധാന ഘടകക്ഷിയായ ലീഗിന്റെ സമ്മർദ്ദത്തിൽ യുഡിഎഫ് വഴങ്ങുകയായിരുന്നു. ലീഗ് കൗൺസിലർ ടികെ അഷറഫ് ഒരുവർഷം ഡെപ്യൂട്ടി മേയറാകും. കലൂർ നോർത്തിൽ നിന്ന് വിജയിച്ച കൗൺസിലറാണ് അഷറഫ്. ദീപക് ജോയ് ആദ്യം ടേമിലും കെവിപി കൃഷ്ണകുമാർ രണ്ടാം ടേമിലും ഡെപ്യൂട്ടി മേയറാകുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്.
മേയർ പദവിയിൽ വികെ മിനിമോളും ഷൈനി മാത്യുവും രണ്ടരവർഷം വീതം ഭരിക്കട്ടെ എന്ന തീരുമാനത്തിന് അനുസൃതമായിരുന്നു ഇതും. എന്നാൽ, ഡെപ്യൂട്ടി മേയർ പദവി കാര്യത്തിൽ ചർച്ച നടത്തി തീരുമാനിക്കും എന്ന ധാരണ കോൺഗ്രസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ലീഗ് പരസ്യമായി രംഗത്തുവന്നിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് യുഡിഎഫ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നായിരുന്നു ധാരണയെങ്കിലും അതിന് മുൻപ് തന്നെ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഭാരവാഹികളെ പ്രഖ്യാപിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്. തുടർന്ന് വിഷയം ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ഏറ്റെടുക്കുകയും ഒടുവിൽ സമവായത്തിലെത്തുകയും ആയിരുന്നു.
ഇതനുസരിച്ച് ദീപക് ജോയിക്ക് അനുവദിക്കപ്പെട്ട രണ്ടരവർഷം ഒരുവർഷമായി കുറയും. തുടർന്ന് ഒരുവർഷം അഷറഫ് ഡെപ്യൂട്ടി മേയറാകും. ഇതിന് ശേഷമുള്ള രണ്ടുവർഷം കൃഷ്ണകുമാർ ഡെപ്യൂട്ടി മേയറാകുന്ന വിധത്തിലാണ് നിലവിൽ ധാരണയായിട്ടുള്ളതെന്നാണ് യുഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































