ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ് വീഡിയോ സന്ദേശം പുറത്തുവിട്ടു. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും നിലവിൽ ദുബായിലാണ് ഉള്ളതെന്നുമാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
ഹാദിയെ കൊലപ്പെടുത്തിയവർക്ക് ഇന്ത്യ അഭയം നൽകുന്നുവെന്ന് ബംഗ്ളാദേശ് ആരോപിക്കുന്നതിന് ഇടെയാണ് ഇത്. ”ഞാൻ ഫൈസൽ കരീം മസൂദ്. ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. എനിക്കെതിരായ കേസ് ഗൂഢാലോചനയുടെ പുറത്ത് കെട്ടിച്ചമച്ചതാണ്. ഇതുകാരണം എനിക്ക് ദുബായിലേക്ക് വരേണ്ടിവന്നു.
മൾട്ടിപ്പിൾ എൻട്രി വിസ ഉണ്ടായിരുന്നിട്ട് കൂടി വളരെ പ്രയാസപ്പെട്ടാണ് എനിക്ക് ദുബായിലേക്ക് വരാൻ സാധിച്ചത്. കേസിന്റെ പേരിൽ കുടുംബത്തെ ഉപദ്രവിക്കുകയാണ്. അവരോടുളള മനുഷ്യത്വരഹിത സമീപനം നീതീകരിക്കാനാവില്ല”- വീഡിയോയിൽ ഫൈസൽ പറയുന്നു. ഹാദിയുടെ ഓഫീസിലേക്ക് താൻ പോയിരുന്നെന്ന് മസൂദ് പറയുന്നുണ്ട്.
”ഞാൻ ഒരു ബിസിനസുകാരനാണ്. ഐടി കമ്പനിയുണ്ട്. മുൻപ് ധനവകുപ്പിൽ ജോലി ചെയ്‌തിട്ടുണ്ട്. ഒരു തൊഴിലവസരവുമായി ബന്ധപ്പെട്ടാണ് ഹാദിയെ കാണാൻ പോയത്. ജോലി ശരിയാക്കാമെന്ന് ഹാദി വാഗ്‌ദാനം ചെയ്‌തു. മുൻകൂട്ടി പണം ആവശ്യപ്പെട്ടു. അഞ്ചുലക്ഷം ടാക്ക ഞാൻ നൽകി. ഹാദി നിർദേശിച്ച പരിപാടികൾക്കും പണം നൽകി”- ഫൈസൽ പറഞ്ഞു.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ പ്രാദേശിക സഹായത്തോടെ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നതായാണ് ബംഗ്ളാദേശ് പോലീസ് ആരോപിച്ചിരുന്നത്. ഇരുവരെയും അറസ്‌റ്റ് ചെയ്യാനും കൈമാറാനും ഇന്ത്യയുമായി ചർച്ചകൾ നടക്കുകയാണെന്നും ബംഗ്ളാദേശ് അധികൃതർ പറഞ്ഞിരുന്നു.
ഇതിനിടെയാണ് താൻ ദുബായിലാണ് ഉള്ളതെന്ന് കാട്ടി ഫൈസൽ കരീം മസൂദിന്റെ വീഡിയോ. ശക്‌തമായ ഇന്ത്യാവിരുദ്ധ പ്രസംഗങ്ങൾക്ക് പേരുകേട്ട വ്യക്‌തിയായിരുന്നു ഹാദി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ 2024ലെ ബംഗ്ളാദേശ് വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് ഹാദി പ്രശസ്‌തനായത്. ധാക്കയിൽ റിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ ഡിസംബർ 12നാണ് ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































