തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) വിധി പറയുന്നത്.
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതി കെഎസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി പത്തുവർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.
സാൽവദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്നു ആന്റണി രാജു. കോടതിയിലെ ക്ളാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്‌ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്‌ച്ച് ചെറുതാക്കി തിരികെ വെക്കുകയായിരുന്നു. പ്രതിയെ ഹൈക്കോടതി വിട്ടയക്കാൻ തൊണ്ടിയിലെ അളവ് വ്യത്യാസം നിർണായകമായി.
പാകമാകാത്ത അടിവസ്‌ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന് വാദമാണ് പ്രതിയെ രക്ഷപ്പെടുത്തിയത്. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് 1994ൽ കേസെടുത്തു.
കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്‌ത്രത്തിൽ കൃത്രിമത്വം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്‌ഥർ പരാതി നൽകിയതോടെയാണ് പ്രതിക്ക് വേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടർന്ന് കേസ് അന്വേഷിച്ച പോലീസ് ജോസിനെ ഒന്നാം പ്രതിയും ആന്റണി രാജുവിനെ രണ്ടാം പ്രതിയുമാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിവരെ പോയെങ്കിലും വിചാരണ പൂർത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസിൽ 29 സാക്ഷികൾ ഉണ്ടെങ്കിലും 19 പേരെ മാത്രമാണ് വിസ്‌തരിച്ചത്. കുറ്റപത്രം സമർപ്പിച്ചത് 13 വർഷം കഴിഞ്ഞാണ്. 30ലധികം തവണ കേസ് മാറ്റിവെച്ചു. ഒരുവർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെ തുടർന്നാണ് വിധി.

ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും ഉൾപ്പടെ ആറ് വകുപ്പുകളിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിശ്വാസവഞ്ചനയ്‌ക്ക് കുറ്റക്കാരനായാൽ പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. പൊതുവായ ലക്ഷ്യത്തോടെ ഒത്തുചേർന്ന് കുറ്റകൃത്യം നടത്തുക എന്നതാണ് ഐപിസി 34 വകുപ്പിന്റെ പരിധിയിൽ വരുന്നത്.
ഇതോടെ രണ്ടു പ്രതികൾക്കും ഒരേ ശിക്ഷ തന്നെ ലഭിക്കാനുള്ള സാഹചര്യമാണ് തെളിഞ്ഞത്. ഇതിന് പുറമെ ഐപിസി 120ബി, 201 തുടങ്ങിയ വകുപ്പുകളും നിലനിൽക്കുമെന്നും കോടതി അറിയിച്ചു. ഇപ്പോൾ വാദംകേട്ട കോടതിക്ക് ഈ വകുപ്പുകൾക്ക് പരമാവധി ശിക്ഷ വിധിക്കാൻ കഴിയാത്തതിനാൽ സിജെഎം കോടതി കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകി.
ഈ സാഹചര്യത്തിൽ സിജെഎം കോടതി ആവും ശിക്ഷാവിധി പറയുക. ജീവപര്യന്തം വിധിക്കാവുന്ന കുറ്റമായതിനാൽ ആന്റണി രാജുവിന്റെ എംഎൽഎ സ്‌ഥാനവും തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള നീക്കവും പ്രതിസന്ധിയിലാകും.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ








































