തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷ. 10,000 രൂപ പിഴയും അടക്കണം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
രണ്ടുവർഷത്തിന് മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്‌ടമാകും. അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചു. ഈ കാലയളവിൽ അപ്പീൽ നൽകാം. കേസിൽ ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
വിധി പുറത്തുവന്നതോടെ ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അയോഗ്യത നേരിടേണ്ടിവരും. ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറ് വർഷത്തേക്കാണ് അയോഗ്യത. കോടതിയിൽ അപ്പീൽ നൽകി ശിക്ഷയ്‌ക്കും ശിക്ഷാവിധിക്കും സ്‌റ്റേ ലഭിച്ചാൽ മൽസരിക്കാം.
ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി ശിക്ഷയായ മൂന്ന് വർഷമാണ് നൽകിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. ഐപിസി 409 വകുപ്പ് പ്രകാരം സർക്കാർ ഉദ്യോഗസ്‌ഥരുടെ വിശ്വാസവഞ്ചനയ്‌ക്ക് കുറ്റക്കാരനായാൽ പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിക്ക് (ഒന്ന്) ഈ വകുപ്പുകൾക്ക് പരമാവധി ശിക്ഷ വിധിക്കാൻ കഴിയാത്തതിനാൽ സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, കോടതി ആവശ്യം പരിഗണിച്ചില്ല.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































