മദീന/മങ്കട: മദീനയിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൾ (40), മകൻ ആദിൽ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ മൂന്ന് കുട്ടികൾ ചികിൽസയിൽ തുടരുകയാണ്. ഏഴുപേരടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം മദീന-ജിദ്ദ ഹൈവേയിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലെ അസ്കാനിൽ കഴിയുന്ന കുടുംബം മദീനാ സന്ദർശനം കഴിഞ്ഞു മടങ്ങവേ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫർ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.
ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മദീന കിങ് ഫഹദ് മദീന ജർമൻ എന്നീ ആശുപത്രികളിൽ ചികിൽസയിലാണ്. ജലീലിന്റെ മറ്റു മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ നാട്ടിലാണ്.
Most Read| കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത




































