ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം; ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു

പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലയാണിത്.

By Senior Reporter, Malabar News
bangladesh protest
(Image Courtesy: Financial Express)

ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ വീണ്ടും ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലയാണിത്.

തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെ നാർസിംഗ്‌ഡി ജില്ലയിൽ മോനി ചക്രവർത്തിയെ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവ സ്‌ഥലത്ത്‌ വെച്ചുതന്നെ മരിച്ചു. മോനി ചക്രവർത്തി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ജഷോർ ജില്ലയിൽ ഫാക്‌ടറി ഉടമയും നരൈൽ ആസ്‌ഥാനമായുള്ള ദിനപത്രത്തിന്റെ ആക്റ്റിങ് എഡിറ്ററുമായ 45 വയസുള്ള റാണ പ്രതാപിനെ വെടിവെച്ച് കൊലപ്പെടുത്തിിരുന്നു.

കേശബ്‌പൂർ ജില്ലയിലെ ഒരു സ്‌കൂൾ അധ്യാപകന്റെ മകനായ പ്രതാപ്, കൊപ്പാലിയ ബസാറിൽ രണ്ടുവർഷമായി ഐസ് ഫാക്‌ടറി നടത്തിവരികയായിരുന്നു. തിങ്കളാഴ്‌ച വൈകീട്ട് ചിലർ അദ്ദേഹത്തെ ഫാക്‌ടറിയിൽ നിന്ന് പുറത്തേക്ക് വിളിക്കുകയും ഇടവഴിയിലേക്ക് കൊണ്ടുപോയി വെടിവയ്‌ക്കുകയും ആയിരുന്നു. അതിനുശേഷം കഴുത്തറുത്തു.

ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ശനിയാഴ്‌ച, ജെന്നൈദ ജില്ലയിൽ ഒരു ഹിന്ദു യുവതിയെ രണ്ട് പുരുഷൻമാർ ബലാൽസംഗം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്‌തു. ഇവർ നിലവിളിച്ചപ്പോൾ മരത്തിൽ കെട്ടിയിടുകയും മുടി മുറിക്കുകയും സംഭവം റെക്കോർഡ് ചെയ്‌ത്‌ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

സ്‌ത്രീ ബോധരഹിതയായതിനെ തുടർന്ന് പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്‌ച ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് ധാക്കയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചിരുന്നു. ഡിസംബർ 31നാണ് യുവാവിനെതിരെ ആക്രമണമുണ്ടായത്. അക്രമികൾ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച് ശേഷം തീകൊളുത്തുകയായിരുന്നു.

കഴിഞ്ഞമാസം ദീപു ചന്ദ്രദാസ് എന്ന യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരുന്നു. മൈമെൻസിങ്ങിലെ ഭലൂകയിൽ തുണി നിർമാണശാല ജീവനക്കാരനായിരുന്നു ഇയാൾ. മതനിധ ആരോപിച്ചാണ് ഫാക്‌ടറിക്ക് പുറത്ത് വെച്ച് ആൾക്കൂട്ടം യുവാവിനെ അടിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തുകയും ചെയ്‌തത്‌.

ബംഗ്ളാദേശ് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്. ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്‌ബരി ജില്ലയിൽ മറ്റൊരു യുവാവും ആൾക്കൂട്ട കൊലപാതകത്തിന് ഇരയായി. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ചു മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ വന്നതോടെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങൾ ബംഗ്ളാദേശിൽ വർധിച്ചു വരികയാണ്. യൂനുസിനൊപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്‌ഥർ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ, നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത് നേരെ മറിച്ചാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE